Saturday, September 12, 2009

കല്തിരിനാളം...

പാതി മറഞ്ഞോ-
രീ വിണ്ണിന്‍
ചെറുകുടക്കീഴിലായ്‌
ഞാനിരുന്നു...

ഇരുള്‍ വീണു തുടങ്ങിയോരീ-
യിട വഴിയില്‍
തണലേകുവാനാ-
യോരാല്‍മരം മാത്രം..

കാലം തഴഞ്ഞോരീ-
യാല്‍മര ചാരെ
കാലം പഴക്കിയ
കല്പൂവോരെണ്ണം..

ഏതോ പഥികനാല്‍
ദീപ്തമായി
എണ്ണ വറ്റിയോരാ
കല്പ്പൂദലങ്ങള്‍

ഒരു നേര്‍ത്ത കാറ്റാല്‍
ആടിയുലഞ്ഞൂ
ചെറുജീവനെന്നറിയാ-
ത്തോരാ ദീപനാളം

ഒരു കുഞ്ഞു മഴയാല്‍
ഓര്‍മ്മയായി
നെടുതിരിയാണ്ടൊരാ
ജീവനാളം..

Monday, July 13, 2009

...............

അമ്മ ആരോടോ സംസാരിക്കുകയാണ്,അതിന്റെ പ്രകമ്പനം അറിയുന്നുണ്ട്.തോരാതെ പെയ്യുന്ന മഴ വിതച്ച നാശത്തെ കുറിച്ചും,ചുക്കിലി പിടിച്ച godown-ഉകളെ കുറിച്ചും ആണ് സംസാരിക്കുന്നത്.കുറെ നേരമായി സംസാരംതുടങ്ങിയിട്ട്....പതുപതുത്ത പ്രതലത്തിലാണ് ഞാന്‍ കിടക്കുന്നത്,നല്ല ഉറക്കമായിരുന്നു,സംസാരത്തിന്റെ അലോസരപ്പെടുത്തല്‍ ഉറക്കം നഷ്ട്ടപെടുത്തി.ഉണര്‍ന്നിട്ടും കണ്ണ് തുറക്കാതെ കിടപ്പാണ്,ഹൃദയത്തിന്റെ മിടിപ്പും ധമനികളുടെ താളവും എല്ലാം നല്ല പോലെ കേള്‍ക്കുന്നുണ്ട്‌,യാതൊന്നും എന്നെ ഭയപ്പെടുത്തുന്നില്ല,യാതൊരു വിധ ആശങ്കകലുമില്ല...എന്നാലും ഏകാന്തത അസഹനീയമാണ്....അതും അവസാനിക്കാന്‍ പോവുന്നു, എനിക്ക് പുറത്തു വന്നെ പറ്റൂ ...ഞാന്‍ കണ്ണ് തുറന്നു, ഗര്‍ഭപാത്രത്തിന്റെ സുരക്ഷിതത്വം വിട്ടു ഞാന്‍ ലോകത്തേക്ക് ഇറങ്ങാന്‍ പോവുന്നു..കണ്മുന്നില്‍ കാണുന്ന മാറാലകളെ ശക്തിയോടെ വകഞ്ഞ് മാറ്റി,ആവേശത്തോട്‌ കൂടി ഞാന്‍ ഇറങ്ങുകയാണ്... ചുക്കിലി പിടിച്ച ലോകത്തേക്ക്...

Monday, June 15, 2009

വഴിത്താര

മഴ പെയ്തൊഴിഞ്ഞിരിക്കുന്നു.നനഞ്ഞ മണ്ണില്‍ കാല്പാടുകള്‍ കാണാം.ചെറുതും വലുതുമായ അനേകംകാല്പാടുകള്‍.ഞാനും നടക്കുകയാണ്.തിരിഞ്ഞു നോക്കി,ഇനി ഒരിക്കലും തിരിച്ചു നടക്കാന്‍ കഴിയാത്ത വഴിത്താര. മഴ വരച്ച കോടുകളുണ്ട്,ചാലുകലുണ്ട്.കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ ഞാനെന്റെ പ്രതിബിമ്ബം കണ്ടു,ഒന്നല്ല അനവധി വേഷപ്പകര്‍ച്ചകള്‍.ആടിയതില്‍ അധികവും ഒരേ വേഷം,വീണ്ടും വീണ്ടും നോക്കി,സംശയമില്ല കാണുന്ന വേഷം അത് തന്നെ.രംഗബോധമില്ലാത്ത കോമാളി അല്ല ,രംഗം ഏതാന്നരിഞ്ഞിട്ടും ബോധ്യം വരാത്ത കോമാളി!കാലത്തിന്റെകയ്യിലെ കളിപ്പാവയല്ല ,ദൈവം പരീക്ഷക്ക്‌ വച്ചിട്ടുമല്ല ,സ്വയം വരച്ചിട്ട ചിത്രം ആണിത്.മായ്ക്കാന്‍ നോക്കി,മുഖത്തില്‍അല്ല ;പ്രതിബിംബത്തില്‍;വിഡ്ഢിത്തം!!!


ഒഴിഞ്ഞ വഴിയരികില്‍ ഇരിക്കുകയാണ്.മേഖം ഇരുണ്ടു തുടങ്ങി.വീണ്ടും മഴ.മഴത്തുള്ളികള്‍ കുത്തുന്ന പോലെ വീണുതുടങ്ങി.വേദനയല്ല,ഉന്മാദം കലര്ന്ന ഒരു തരം സുഖം.മഴ കൂടി വരുകയാണ്,എണീറ്റില്ല,മുഴുവന്‍ മഴയും നനയണം.ഞാനും പ്രകൃതിയുമായി ചേരണം........മഴ നിര്‍ത്താതെ പെയ്യുകയാണ്.ചായം മായുന്നതും ഞാന്‍ അറിയുന്നുണ്ട്... ഓരോ മഴയും പെയ്യണം ,ആര്‍ത്തലച്ചു പെയ്യണം..എന്നെ ഞാനാക്കാന്‍...

[നോട്ട്‌:ഇതൊരു കഥയോ ചെറുകഥയോ അല്ല. വെറുതെ എഴുതിയെന്നെ ഉള്ളു,നിരൂപകര്‍ ക്ഷെമിക്കുക,തെറ്റുണ്ടെങ്കില്‍ പറയുക :) ]

Thursday, May 28, 2009

ജൂണ്‍..മഴയുടെ നനവും ഓര്‍മകളുടെ സുഗന്ധവും

ജൂണ്‍ മാസം.നല്ല തണുപ്പ്,പുറത്തു മഴ നന്നായി പെയ്യുന്നുണ്ട്.അമ്മേടെ ചൂടു പറ്റി കിടക്കുമ്പോള്‍ നല്ല സുഖം.പതിവിലും നേരത്തെ എണീറ്റ്‌ ചുമ്മാ കിടപ്പാണ്.അമ്പലത്തില്‍ വെച്ച പാട്ടിന്‍റെ ഇരമ്പം ചെറുതായി കേള്‍ക്കുന്നുണ്ട്‌.ഇന്നാണ് ഞാന്‍ ആദ്യമായി സ്കൂളില്‍ പോവേണ്ടത്,അതിന്റെ ആകാംക്ഷ കാരണം നേരത്തെ ഉണര്‍ന്നു. അടുത്ത് തന്നെയാണ് സ്കൂള്‍.ഒരുപാടു യാത്ര ചെയ്യാനോ ഒന്നുമില്ല .ഒരു പ്രാവശ്യം കണ്ടിട്ടുണ്ട്,ചേരാന്‍ പോയപ്പോ..അമ്മയും അച്ഛനും ഉണ്ടായിരുന്നു കൂടെ,ഉണ്ട കണ്ണട വച്ച ടീച്ചര്‍ പേരു ചോദിച്ചു,ടീച്ചറുടെ കണ്ണടയില്‍ കാണുന്ന പച്ച ഉടുപ്പിട്ട എന്‍റെ രെണ്ട്‌ പ്രതിബിംബം നോക്കി നില്ക്കുന്ന തിരക്കിലായത് കൊണ്ടു എന്താ ചോധിച്ചതെന്നു കേട്ടില്ല.അച്ഛനും അമ്മയും എന്നെ നോക്കുന്ന കണ്ടപ്പോ എന്തോ പന്തികേടുണ്ടെന്ന് തോന്നി.മിണ്ടാതെ നില്ക്കുന്നത് കണ്ടു അമ്മ പേരു പറയാന്‍ പറഞ്ഞു.അപ്പോഴും കണ്ണടയില്‍ ഉരുണ്ടു നില്ക്കുന്ന എന്നെ നോക്കുകയായിരുന്നു ഞാന്‍.വീണ്ടും അമ്മ ഇടപെട്ടു,ഇത്തവണയും ഫലം നാസ്തി.അതോടെ,അമ്മ സ്വതസിദ്ധമായ പരിപാടിയിലേക്ക് തിരിഞ്ഞു.ആരും കാണാതെ തുടയില്‍ ഒരു നുള്ളല്‍.എവിടെന്നാ ഉത്തരം ഇത്ര പെട്ടെന്ന് വന്നതെന്നറിയില്ല.ഞാന്‍ പേരു പറഞ്ഞു.അഡ്മിഷന്‍ ശെരിയായി.പോരുമ്പോള്‍ ആണ് കണ്ടത്,,ഇഷ്ട്ടം പോലെ പിള്ളേര് കളിക്കുന്നു.എനിക്കിവിടെ കളിക്കാന്‍ കൂട്ട് വിനു മാത്രേ ഉള്ളു,അവിടാവുമ്പോ നിറയെ പേരുണ്ടല്ലോ, അത് മാത്രമാണ് ഏക പ്രതീക്ഷ.ഇന്നാണ് സ്കൂളില്‍ ചേരേണ്ടത്.പുതിയ ബാഗ്‌,ബുക്ക്‌,കുട,uniform,ബെല്‍റ്റ്‌,ഷൂസ്,ക്ലിപ്പ് ,എല്ലാം ഉണ്ട് എല്ലാം ഇട്ടു പോണം ഇന്നു..ആകെ സന്തോഷം തോന്നുന്നു.എന്തായാലും കളിക്കാന്‍ പോവാണല്ലോ ഒട്ടും കുറയ്ക്കണ്ട കരുതി പാവ,കോമിക്‌ ബുക്ക്‌,കളര്‍ ബുക്ക്‌ അതിനാവശ്യമായ സാധന സാമഗ്രികള്‍ എല്ലാം പായ്ക്ക് ചെയ്തെടുത്തു.ഏതാണ്ട് ബാഗ്‌ ഒരു വീപ്പ പോലെ റെഡി ആക്കി വെച്ചിരിക്കയാണ്‌,ഇറങ്ങന നേരത്താണ് അച്ഛന്‍ കണ്ടത്,LKG പോണ കുട്ടി ഏതാണ്ട് മല കയറാന്‍ പോകുന്ന മാതിരി ബാഗ്‌ എടുത്തിരിക്കുന്നത്,കാര്യം മനസ്സിലായി ബാഗോടെ പൊക്കി,anaavasyamaayathu മുഴുവന്‍ പുറത്തേക്കിട്ടു,എന്നിട്ടൊരു പറച്ചിലും ഇതൊക്കെ കൊണ്ടു എന്താ കളിക്കാന പോണത്,............!!! എന്‍റെ സകല പ്രതീക്ഷയും നശിച്ചു,എന്നെ ഏതോ ജെയിലില്‍ കൊണ്ടാക്കണ പ്ലാന്‍ എന്ന് തോന്നി...ഈശ്വരാ ഞാന്‍ എന്ത് ചെയ്യും...scooter-ഇന്റെ മുന്നില്‍ കേറ്റി നിര്‍ത്തി,എല്ലാവരോടും ടാറ്റാ പറയാന്‍ പറഞ്ഞു.. കണ്ണ് നിറഞ്ഞത്‌ കാരണം ആരെയും കാണാന്‍ മേലാ,എന്നാലും കയ് വീശി കാണിച്ചു..മൂന്നു സ്റ്റോപ്പ്‌ ദൂരം ഉണ്ട് വീട്ടില്‍ ന്നു സ്കൂളിലേക്ക്.അച്ഛന്‍ സ്കൂളില്‍ പോയാല്‍ ഉണ്ടാവുന്ന നല്ല സംഗതികളൊക്കെ പറയുന്നുണ്ട്,scooter-ഇന്റെ ശബ്ധമല്ലാതെ വേറൊന്നും കേള്‍ക്കുന്നുണ്ടായിരുന്നില്ല.. സ്കൂള്‍ എത്തി.എന്‍റെ അന്ജ് വിരലും അച്ഛന്റെ ചെറുവിരലില്‍ മുറുക്കി പിടിച്ചു നടന്നു ഉള്ളിലേക്ക്,കരയുന്ന പിള്ളേരെ മിട്ടായി കൊടുത്തും ,വടി കാണിച്ചു ഭീഷണിപ്പെടുത്തിയും അടക്കി ഇരിത്തിയിരിക്കുകയാണ്.ചെറുതായി പേടി തോന്നി തുടങ്ങി,അച്ഛന്‍ പോവണ്ട എന്ന് പറഞ്ഞു ശാട്യം പിടിച്ചു .പുറത്തു തന്നെ ഉണ്ടാവും എന്ന് പറഞ്ഞു അച്ഛന്‍ പോയി.അവിടെ ആദ്യമായി ഞാന്‍ കണ്ട ടീച്ചര്‍ പിന്നീടെന്നെ മലയാളം പഠിപ്പിച്ച ദേവകി ടീച്ചര്‍ ആയിരുന്നു.അച്ഛന്റെ ക്ലാസ്സ് മേറ്റ്‌ ആയ അവര്‍ എന്നെ ഒരു ബെഞ്ചില്‍ കൊണ്ടിരുത്തി.അവസാനം എത്തിയത് കൊണ്ടു,സൈഡ് സീറ്റ് തന്നെ കിട്ടി. ആരോടും മിണ്ടാന്‍ തോന്നിയില്ല,ബാഗും പിടിച്ചു മിണ്ടാതിരുന്നു.എന്‍റെ അടുത്ത് ഇരുന്നിരുന്ന കുട്ടി ഞാന്‍ വരുമ്പോ തന്നെ നീങ്ങിയിരുന്നു സൌഹൃദം അറിയിച്ചിരുന്നു.അടുത്തിരുന്നപ്പോള്‍ എന്‍റെ പേരു,മറ്റു വിശേഷങ്ങള്‍ എല്ലാംചോധിച്ചരിഞ്ഞു. അപ്പോഴും തിരിച്ചൊന്നും ചോദിച്ചില്ല.കുട്ടി തന്നെ സ്വയം പരിചയപ്പെടുത്തി,ജെസ്ന.ആദ്യ ദിവസം തന്നെ മുന്പേ പരിചയപ്പെട്ട പോലെയായിരുന്നുകുട്ടിയുടെ പെരുമാറ്റം,എന്‍റെ മാത്രമല്ല എന്‍റെ പുറകില്‍ ഇരിക്കുന്ന ഒരു കുട്ടിയെയും പരിചയപ്പെടുന്നത്‌ കണ്ടു.ഒന്നും ചോദിക്കാതെ ഞാനും പരിചയപ്പെടല്‍ കണ്ടിരുന്നു.ചെറുതായി കണ്ണും നിറച്ചു,ചന്ദനം കൊണ്ടു ഗോപിക്കുറിയും തൊട്ടിരിക്കുന്ന കുട്ടിയുടെ പേരു വൈശാഖ് എന്നായിരുന്നു..ജെസ്ന ഒരു കുട്ടിയെ പരിചയപ്പെട്ടപ്പോള്‍ എനിക്കും അത് പോലെ ചോദിക്കണം എന്നുണ്ടായിരുന്നു.ഞാന്‍ നോക്കി,തൊട്ടപ്പുറത്ത് ഒരു ഉണ്ടാപ്പി ഇരിക്കുന്നു,മുഖത്ത് വിഷാദം തന്നെ.. ഞാനും പോയി പരിചയപ്പെട്ടു,പേരു ലികിന്‍.എന്‍റെ പോലെ വ്യത്യസ്ഥമായ പേര്.ഞങ്ങള്‍ നാല് പേരും പിന്നീട് വളരെ നല്ല കൂട്ടുകാരായി,ഇന്നും പോറല്‍ ഏല്‍ക്കാതെ സൌഹൃദങ്ങള്‍ നിലനില്‍ക്കുന്നുമുണ്ട്..ആദ്യത്തെ ദിവസമായത്‌ കൊണ്ടു നേരത്തെ തന്നെ സ്കൂള്‍ വിട്ടു,വരുമ്പോള്‍ ഉണ്ടായിരുന്ന വിഷമങ്ങള്‍ പാടെ മാറിയിരുന്നു..വരുന്ന വഴി മുഴുവന്‍ അച്ഛനോട് വിശേഷങ്ങള്‍ പറഞ്ഞു,വീട്ടിലെത്തി അമ്മയോടും....ഇപ്പോള്‍ നിങ്ങളോടും...


വീണ്ടും ഒരു ജൂണ്‍ മാസം കൂടെ വരവായി..ഇനി ഒരിക്കലും നാളുകള്‍ തിരിച്ചു വരില്ലെന്ന സത്യം ഓരോ തുള്ളിയുംഓര്‍മിപ്പിക്കുന്നു...

Saturday, March 28, 2009

ദയ

ഒരു മനുഷ്യന് കൊടുക്കാവുന്നതില്‍ വച്ചു ഏറ്റവും വിലയേറിയത് എന്തെന്ന് ചോദിച്ചാല്‍ ദയ , കാരുണ്യം എന്നൊക്കെപറയാം .സഹജീവികളോട് സ്നേഹത്തോടെ പെരുമാറുക ,അവരെ സഹായിക്കുക എന്നൊക്കെ ആണല്ലോ നമ്മളെപഠിപ്പിച്ചു വെച്ചിരിക്കുന്നത്‌ , പ്രമാനങ്ങളൊക്കെ എല്ലായിടത്തും പ്രായോഗികമാക്കാന്‍ പറ്റുമോ? ഒരനുഭവംപറയാം.....


ഏപ്രില്‍ മാസത്തിലെ ഒരുച്ച നേരം.സ്റ്റഡി ലീവ് സമയം .ചെയ്യാനൊരു പണിയും ഇല്ലാതെ വെറുതെ ഇരിക്കുകയാണ്..ടി.വി-യില്‍ ചാനലുകള്‍ മാറ്റി മാറ്റി നോക്കി ,ഒന്നും ഇല്ല കാര്യമായിട്ട്;ഇട്ടു തേഞ്ഞ കുറെ പടങ്ങള്‍ മാത്രം ...വീട്ടിലെ ബാക്കിയുള്ള അന്തേവാസികള്‍ അവരവരുടെ മുറികളില്‍ ഉച്ചമയക്കതിലും,ആരോടെങ്കിലും സംസാരിക്കാം എന്ന് കരുതി നെറ്റ് കണക്ട് ചെയ്തു,gtalk-മരുഭൂമി ,ഒറ്റ കുഞ്ഞില്ല ,എന്നാല്‍ പിന്നെ വല്ലതും വായിക്കാം എന്ന് കരുതി കഥാപുസ്തകം എടുത്തു,അക്ഷരങ്ങള്‍ ഓടികളിക്കുന്നത് പോലെ തോന്നി,പുസ്തകം മടക്കി വെച്ചു വെറും നിലത്തു ceiling ഫാനിന്റെ കറക്കം നോക്കി കിടന്നു,വേറൊന്നും മനസ്സില്‍ ഇല്ല ഫാനിന്റെ മുഴക്കം മാത്രം ചെവിയില്‍ കേള്‍ക്കുന്നുണ്ട്‌ ,ഇടയ്ക്ക് parappet-ഇല്‍ ഇടത്താവളം തേടിയ പൂച്ചയുടെ കരച്ചിലും .ഫാനില്‍ കാണുന്ന റൂമിന്റെ പ്രതിബിംബം നോക്കി ചുമ്മാ കിടക്കുകയാണ്...calling bell ശബ്ദിച്ചു,വെരാരെന്കിലും പോയി തുറന്നോട്ടെ എന്ന് കരുതി മിണ്ടാതെ കിടന്നു,വീണ്ടും bell-അടിയുടെ തീവ്രത കൂടിയപ്പോള്‍ എഴുന്നേറ്റു ..വലിയ ശബ്ദമുണ്ടാക്കാതെ മുന്‍ വശത്തെ വാതില്‍ തുറന്നു,മുഷിഞ്ഞ വസ്ത്രം ധരിച്ചു നില്ക്കുന്ന ഒരു യാചകന്‍ .സാധാരണ പോലെ കാശെടുത്ത് കൊടുത്തു,മനുഷ്യന് വേണ്ടത് ഭക്ഷണം ആയിരുന്നു ,ഒന്നുമില്ല എന്നൊക്കെ പറഞ്ഞു നോക്കി അയാള്‍ പോവുന്ന മട്ടില്ല ,കാശൊട്ടു വാങ്ങുന്നുമില്ല ,ശബ്ദം കേട്ട് അമ്മ ഉണര്‍ന്നു വന്നു ..."ഒന്നുമില്ല പോയെ " എന്ന് അമ്മ ദേഷ്യം വന്ന പോലെ പറഞ്ഞു,അയാളുടെ മുഖഭാവം കണ്ടപ്പോള്‍ ശരിക്കും പാവം തോന്നി, "പാവത്തിന് വല്ലതും കൊടുത്തൂടെ" എന്ന് അമ്മയോട് സ്വകാര്യമായി ചോദിച്ചു ."അതൊന്നും വേണ്ട" അമ്മ ഉറപ്പിച്ചു പറഞ്ഞു,വീണ്ടും എന്നിലെ മനുഷ്യസ്നേഹി ഉണര്‍ന്നു ,"അമ്മാ,അതിന് വല്ലതും കൊടുത്തൂടെ,എന്താമ്മ ഇങ്ങനെ " എന്ന് ചോദിച്ചു ,"ശരി പോയി എടുത്തോണ്ട് വാ " എന്ന് അമ്മ പറഞ്ഞു,ഞാന്‍ തന്നെ എന്റെ ഐശ്വര്യമായ കയ് കൊണ്ടു വിളമ്പി കൊടുത്തു ,അയാള്‍ സന്തോഷത്തോടെ കഴിക്കാന്‍ തുടങ്ങി,കൃതാര്‍ത്ഥതയോടെ ഞാന്‍ അമ്മയുടെ മുഖത്തേക്ക് നോക്കി,അവിടെ യാതൊരു ഭാവവും ഇല്ല,കയ്യും കെട്ടി നോക്കി നില്‍ക്കുക മാത്രം ചെയ്യുന്നു ...ഒന്നു രണ്ടു ഉരുള കഴിച്ചു കാണും മനുഷ്യന്‍ ബാക്കി വന്ന ചോറ് മുഴുവന്‍ പോര്‍ച്ച്-ഇല്‍ വടിച്ചു ഇട്ടു ,അവിടെ തന്നെ കയ്യും കഴുകി ,ആകെ വൃത്തികേടായി എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ ...ഞാന്‍ ആകെ വല്ലാതായി അമ്മയെ നോക്കി,അപ്പോഴും യാതൊരു ഭാവവും അവിടെ കണ്ടില്ല .അമ്മ കാര്‍ക്കശ്യത്തോടെ മനുഷ്യനോടു പൊക്കോളാന്‍ പറഞ്ഞു ..മിണ്ടാതെ നില്ക്കുന്ന എന്നോട് പറഞ്ഞു "ഇങ്ങനൊക്കെ വരുമെന്ന് അറിയാവുന്നത് കൊണ്ടാണ് വേണ്ടാന്ന് പറഞ്ഞതു,പറഞ്ഞാല്‍ ഒന്നും മനസ്സിലാവില്ലല്ലോ കണ്ടു മനസ്സിലാക്ക്,സ്നേഹവും ദയയും ഒക്കെ വേണ്ടത് തന്നെയാണ് അത് എല്ലാവരോടുംകാണിക്കണം എന്നില്ല കേട്ടോ !".........പിന്നീട് ഞാനും അമ്മയും കൂടെ പോര്‍ച്ച് മുഴുവനായി വൃത്തിയാക്കി.അങ്ങനെ ഒരു പണിയുമില്ല എന്ന് വിഷമിച്ചിരുന്ന എനിക്ക് നല്ലൊരു പണി കിട്ടി എന്ന് തന്നെ പറയാം....

Wednesday, January 21, 2009

ഒരു കഥ


എന്റെ മുറി എന്നാല്‍ എന്റെ ലോകമാണ്,എന്റെ സ്വന്തം ലോകം....ഇവിടെ ഉള്ളതെല്ലാം എന്നോട് സംസാരിക്കാറുണ്ട് തിരിച്ചും.എന്റെ സ്വപ്നങ്ങളും ഉയര്‍ച്ചയും താഴ്ചയും എല്ലാം ഇവള്‍ക്കും സുപരിചിതമാണ്.സൂര്യന്റെ കടുത്ത സ്പര്‍ശം ഏല്‍ക്കാതിരിക്കന കര്‍ട്ടന്‍ ഉണ്ട്.എന്നാലും ബാലസൂര്യന്‍ എന്നെ പറ്റിക്കാറില്ല .കാറ്റില്‍ ഇളകി കൊണ്ടിരിക്കുന്ന കര്‍ട്ടന്‍ നോക്കിയിരുന്നു.ഈ ജനല്‍ ഒന്നു തുറന്നിട്ടാല്‍ തലയുയര്‍ത്തി നില്ക്കുന്ന മരങ്ങള്‍ കാണാം,ഇവയ്ക്കിടയിലായി മൊബൈല് ടവര്‍ കാണാം ,നവയുഗത്തിലെ drakula കണ്ണുകള്‍ .....
സന്ധ്യ.എന്നും രാത്രിയുടെയും പകലിന്റെം നടുക്ക് നില്‍ക്കുന്നവള്‍ .....അവള്ക്ക് പറയാന്‍ എത്രയെത്ര കഥകള്‍ ഉണ്ടാവും .അവള്‍ ആദ്യം പറയുക ആരുടെ കഥയാവും ? പകലിന്റെ വിരഹത്തിന്റെയോ അതോ രാത്രിയുടെ ആഗമനതിന്ടെയൊ ? ആര്‍ക്കായാലും സ്വന്തം കഥയല്ലേ ആദ്യം പറയാനൊക്കു...രാത്രിയും പകലും ചാരുതയോടെ വചിക്കപ്പെടുന്നു,,പകലാകുന്ന കന്യകയെ സിന്ധൂരമണിയിച്ചു് ഒരുക്കി നിര്ത്തി ,അവ പടരുമ്പോള്‍ നിസ്സഹായതയോടെ സാഗര ഗര്‍ഭത്തില്‍ അഭയം തേടുന്ന സന്ധ്യ.....
കറുത്ത നിശബ്ധധ....തിരക്കുകള്‍ ഒഴിഞ്ഞു സ്വസ്ഥമായി ഇരിക്കാന്‍ ആര്‍ക്കാണ് ഇഷ്ട്ടമാല്ലാത്തത് ...രാത്രി തന്റെ മൂടുപടം അണിഞ്ഞു .മിന്നി തിളങ്ങുന്ന നക്ഷത്രങളൂം നിലാവും അതിന് മാറേറകി,,എന്നാല്‍ അതിനകത്തെ നിശബ്ധധ ആര്‍ക്കാണ് സ്വന്തം?അവള്ക്ക് പോലും സ്വന്തം അല്ല..ഈശ്വരന്‍ തന്റെ വിദഗ്ദ്ധമായ കലാസ്രിഷ്ട്ടി ഇവിടെയും തെളിയിച്ചിരിക്കുന്നു .മുല്ലപ്പൂക്കളും ചെമ്പകവും പൂക്കുന്നത് ഈ സമയത്താണ്..ചെമ്പകത്തിന്റെ നനുത്ത ഗന്ധം വെന്റിലെറ്റൊരിലൂടെ അരിച്ചിറങ്ങുന്നു........
യാത്ര...നീണ്ടു കിടക്കുന്ന വഴിയുടെ ഒരരുകില്‍ ഞാന്‍ ഇറങ്ങി.വിജനം...നനുത്ത കാറ്റിന്റെ തലോടല്‍ അനുഭവിച്ചറിഞ്ഞു ..ആരുമില്ലാത്ത,കാറ്റിന്റെ ചിലമ്പിച്ച ചിറകടികള്‍ മാത്രമുള്ള ഒരു പാല മരത്തണലില്‍ ഞാന്‍ ഇരുന്നു..പാലപ്പൂക്കളുടെ ഗന്ധ വാഹിനിയായ കാറ്റും,രസമുകുളങ്ങള്‍ പൊട്ടിചിറങുന തൂവാനവും സമഞ്ജസമായി പുതു മണ്ണിലേക്ക് സോമരസം ഒഴുക്കുന്നു...കാറ്റിന്റെ നനുത്ത സ്പര്‍ശം ...കുഞ്ഞു നക്ഷത്രങ്ങള്‍ കണ്ണ് ചിമ്മി തുടങ്ങി,നവമായ തിളക്കതോട് കൂടി...അവ എന്നിലെക്കടര്‍ന്നു വീണു തുടങി...ഒന്നു തൊടാനായി കയ്നീട്ടിയപ്പോഴേക്കും മിന്നാമിനുങ്ങായി അവ രാവിന്റെ അറകളില്‍ പോയൊളിച്ചു....
തണുത്ത ഈ വഴിയരികില്‍ പാലപ്പൂവിന്റെ നനുത്ത ഗന്ധം മാത്രം......