Monday, July 4, 2011

വളരുന്തോറും നഷ്ടമാവുന്നത്

തിരക്കു പിടിച്ച  ജീവിതത്തിലെ ഒരു ഒഴിവു നേരം.

വിശാലമായ മുറി.ഇളം ചായക്കൂട്ടുകള്‍ ചുമരിലങ്ങുമിങ്ങും കോറിയിട്ടിരിക്കുന്നു.പുറത്തു മഴ പെയ്യുന്നുണ്ട്.ആര്‍ത്തലയ്ക്കുന്ന മഴയ്ക്കെപ്പോഴും നഷ്ടസ്മൃതികളുടെ നനവാണ്.'എന്താണെന്റെ നഷ്ടം?'.എനിക്ക് മാത്രമേ ഈ ചോദ്യത്തിനുള്ള ഉത്തരം പറയാന്‍ നിര്‍വ്വാഹമുള്ളു.കാരണം,എന്റെ നഷ്ടങ്ങള്‍ എന്റേതു മാത്രമാണ്.ചില്ലിട്ട മേശമേല്‍ കയ്യ് ‌വച്ച് കിടന്നു.മഴ അപ്പോഴും പെയ്യുന്നുണ്ട്.

മഴയുടെ അകമ്പടികള്‍ എന്നെ പുറകിലേക്ക് നടത്തി.
രണ്ടാം ക്ലാസ്സിലെ ബെഞ്ചിലിരിക്കുമ്പോഴും മഴയ്ക്ക്‌ ഇതേ സ്വരവും നനവും ഉണ്ടായിരുന്നു.അന്നവയ്ക്ക് പറയാന്‍ നഷ്ട്ടങ്ങളുടെ കണക്കുകളില്ല.
രണ്ടു ഭാഗത്തായി മുടി പിന്നിയിട്ടു,അതിലൊന്നു കൊണ്ടെന്നെ തല്ലി വിളിക്കുന്ന കൂട്ടുകാരിയുടെ ചിത്രം തെളിഞ്ഞു വരുന്നു.ബോര്‍ഡില്‍ വരച്ചിട്ട കിളിയെക്കാളും ഭംഗി,അടുത്ത് ജനലിലൂടെ കാണുന്ന കിളിക്കാണെന്നു ചൂണ്ടികാണിക്കുന്ന "അതിനാ ചന്തം,എന്താ അറിയ്യോ അതിന്റെ മേലെ നെറയെ കളറാ",എന്ന് പറഞ്ഞു ഒറ്റപ്പല്ല് പോയ വിടവ് കാണിച്ചു ആത്മവിശ്വാസത്തോടെ ചിരിക്കുന്ന ആ നിഷ്കളങ്കത ഇന്നും തെളിഞ്ഞു നില്‍ക്കുന്നു.

റിട്ടേണ്‍  ബെല്‍ മുഴങ്ങി.

വീണ്ടും തിരക്കു പിടിച്ച ഷെഡ്യുളുകളുടെ കോര്‍പറെറ്റ് ലോകത്തേയ്ക്ക്.മനുഷ്യന്‍ യന്ത്രത്തിന്റെ സൃഷ്ടിയാണോ എന്ന് പലപ്പോഴും തോന്നിപ്പോവുന്നു.എല്ലാവരും ഒരു തരം എക്സിക്യുട്ടിവ് മേന്നേര്‍സില്‍ വിശ്വസിക്കുന്നു.ആരോ എഴുതി വെച്ച body language,manners,social etiquettes നിയമങ്ങളുടെ ചട്ടക്കൂട്ടില്‍ ചലിക്കുന്ന പാവകളാവുന്നു ആളുകള്‍.യന്ത്രവത്കൃത വേലിക്കുള്ളില്‍ ജീവസ്പന്ദനം തിരയുന്ന ആള്‍ വിഡ്ഢിയാണെന്നുള്ളത് പരമാര്‍ത്ഥം.

മഴ ചില്ലുകള്‍ അടര്‍ന്നു വീഴുന്നത് കാണാം.അവ വീണ്ടും ബാല്യത്തിലേക്ക് ചിറകു നീര്‍ത്തുന്നു.ബാല്യ കാലത്തിനൊരു പ്രത്യേകത ഉണ്ട്.അഭിനയവും കാപട്യവും ഇഴചേര്‍ക്കാത്ത സത്യസന്ധമായൊരു ലോകം സ്വന്തമായുണ്ടതിനു.ഇഴപിരിചെടുക്കുമ്പോള്‍ നഷ്ടങ്ങള്‍ കൂടുതല്‍ വ്യക്തമാണ്.

"എടീ,...പോവാ?"

"ഞാന്‍ വരില്ല,എന്റെ ഷൂ നനയും" --- യാതൊരു വിധ ന്യായീകരണങ്ങള്‍ക്കും ഇട നല്‍കാതെ,കയ്യ്  പിടിച്ചു വലിച്ചു കൊണ്ട് മഴയിലെക്കോടുന്ന,യുണിഫോം മുഴുവന്‍ മഴ നനയിച്ച,ആ സ്വാതന്ത്രവും ആത്മാര്‍ഥതയും.ടീചര്‍ടെ കണ്ണ് വെട്ടിക്കാന്‍ പറ്റാതെ,പിടിക്കപ്പെട്ടു നില്‍ക്കുമ്പോഴും,കയ്യ് വിടാതെ മുറുകെ പിടിച്ചു നിന്നിരുന്ന,ആ ഇളം കയ്യിലെ മൃദുത്വവും ചൂടും ആണ് ബാല്യത്തോടൊപ്പം നഷ്ട്ടപെട്ടത്.

മഴ പെയ്തൊഴിഞ്ഞിരിക്കുന്നു,ഓര്‍മ്മകളും.
ഒരിക്കല്‍ കൂടെ ഒരുമിച്ചിരുന്നു ഓര്‍മ്മകളെ പങ്കുവയ്ക്കാന്‍ കൂട്ടുകാരിയെ   ക്ഷണിക്കണമെന്നുണ്ടായിരുന്നു. ഓര്‍മ്മകളെ പേറുന്നവന്‍ വിഡ്ഢിയാണെന്ന തിരിച്ചറിവ് ആഗ്രഹങ്ങള്‍ക്ക് വിലക്കിട്ടു.കേറി വരുന്ന ചിന്തകള്‍ ആരോ കോറിയിട്ട അക്ഷരങ്ങളിലേക്ക് പൊടിഞ്ഞിറങ്ങി.
 'i want a thousand words to speak ;
but i always ended up with my silence'
ഒരു പാതി പറഞ്ഞു തീര്‍ക്കുമ്പോഴും,മറു പാതി ഇന്നും ചോദിക്കുന്നു 'നഷ്ടപെട്ടതെന്താണ്?' എന്ന്.


Saturday, June 4, 2011

മനുഷ്യന്‍ ജീവിക്കാന്‍ തുടങ്ങുന്നതെപ്പോള്‍

പൊഴിഞ്ഞു വീഴുന്ന ഓരോ നാളും ഓര്‍മ്മയുടെ ചെപ്പിലൊളിക്കുന്ന ഇതളാണ്.ഒരു നേര്‍ത്ത സുഗന്ധം അവയ്ക്കുണ്ടാവും.അതിനുള്ളില്‍ സന്തോഷത്തിന്റെ തരികള്‍ ഒളിഞ്ഞിരിപ്പുണ്ടാവുമത്രേ.

കാലങ്ങള്‍ കൊഴിയും, ഋതുക്കള്‍ മാറിവരും.എന്നും ജീവിതം നമുക്ക് മുന്നിലൊരു അധ്യാപകനാണ്.അതു അനുനിമിഷം ഓര്‍മ്മിപ്പിക്കും,പഠിക്കാനുണ്ടേറെയെന്നു.ചുറ്റും ഉണ്ട് ഒരുപാട് വേഷങ്ങള്‍,പകര്‍ച്ചകളും;കടുത്തതും നേര്‍ത്തതുമായൊരു  കൂട്ട്.പലപ്പോഴും കാണുവാന്‍ സന്നദ്ധത ഇല്ലെന്നു മാത്രം.

എന്തിനോ വേണ്ടി പരക്കം പായുന്ന മനുഷ്യന്‍.'എന്തിനു' എന്ന ചോദ്യത്തിനു ഒരു പൊരുള്‍ തരാന്‍ ഇല്ല താനും.ഒരു മനുഷ്യജീവിതത്തിനു ഏറ്റവും വിലപ്പെട്ടതെന്തു എന്ന ചോദ്യത്തിനു,'സഹജീവിയുമായുള്ള കറതീര്‍ന്ന ആത്മബന്ധം' എന്ന ഉത്തരത്തിലേക്കു എത്തി ചേരുമ്പോഴേക്കും ഒരുപാട് ഇതളുകള്‍ പൊഴിഞ്ഞിരിക്കും.മിക്കതും ഓര്‍ക്കാന്‍ പോലും ഇട നല്‍കാതെ സ്മൃതിയുടെ കയങ്ങളില്‍ അലിഞ്ഞു ചേര്‍ന്നിട്ടുമുണ്ടാവും.

എല്ലാം നേടിയ മനുഷ്യന്‍ ഉന്മാദവാനാവും.പിന്നീടൊരു നാള്‍,തികച്ചും ശാന്തമായൊരു നിമിഷം,ഓര്‍മ്മകളിലേക്ക് മടങ്ങുന്നു.അന്നു കാണുന്നവയില്‍ അവന്‍ ഇഷ്ട്ടപെടുന്നത് ആത്മാര്‍ഥമായി ജീവിച്ച ചില നിമിഷങ്ങളെ മാത്രമാണ്.മറ്റുള്ളവ അവനെ മടുപ്പിക്കും.ആത്മാര്‍ഥതയത്രെ ഏതൊരു പൊരുളിന്റെയും ജീവന്‍.ജീവസ്പര്‍ശമുള്ള ഇതളുകളത്രയും വാടാതിരിക്കുമത്രേ.

സ്മൃതിമണ്ഡപത്തിന്റെ  ഒഴിഞ്ഞൊരു കോണില്‍ ചിതയൊരുക്കി,ഉണങ്ങിയ ഇതളുകളത്രയും കൂട്ടിയിട്ടു,അനുഭവങ്ങളില്‍ നിന്നൊരു തരിയെടുത്തു പടര്‍ത്തുന്നു.ആളിക്കത്തുന്ന തിരിച്ചുവരവില്ലാത്ത ഓര്‍മ്മകളും,അതിനു മുന്നില്‍ ജിജ്ഞാസുവായ മനുഷ്യനും.

അവസാനം,ഓര്‍മ്മചെപ്പില്‍ ജീവനുള്ള ഒരുപിടി ഇതളുകള്‍ തുടിച്ചു നില്‍ക്കും.അവ ഒരുവനു ജീവിക്കാന്‍ പ്രേരണ നല്‍കും.അന്നു മുതലാണത്രെ ഒരു മനുഷ്യന്‍ ജീവിക്കാന്‍ തുടങ്ങുന്നത്.

 

Saturday, September 12, 2009

കല്തിരിനാളം...

പാതി മറഞ്ഞോ-
രീ വിണ്ണിന്‍
ചെറുകുടക്കീഴിലായ്‌
ഞാനിരുന്നു...

ഇരുള്‍ വീണു തുടങ്ങിയോരീ-
യിട വഴിയില്‍
തണലേകുവാനാ-
യോരാല്‍മരം മാത്രം..

കാലം തഴഞ്ഞോരീ-
യാല്‍മര ചാരെ
കാലം പഴക്കിയ
കല്പൂവോരെണ്ണം..

ഏതോ പഥികനാല്‍
ദീപ്തമായി
എണ്ണ വറ്റിയോരാ
കല്പ്പൂദലങ്ങള്‍

ഒരു നേര്‍ത്ത കാറ്റാല്‍
ആടിയുലഞ്ഞൂ
ചെറുജീവനെന്നറിയാ-
ത്തോരാ ദീപനാളം

ഒരു കുഞ്ഞു മഴയാല്‍
ഓര്‍മ്മയായി
നെടുതിരിയാണ്ടൊരാ
ജീവനാളം..

Monday, July 13, 2009

...............

അമ്മ ആരോടോ സംസാരിക്കുകയാണ്,അതിന്റെ പ്രകമ്പനം അറിയുന്നുണ്ട്.തോരാതെ പെയ്യുന്ന മഴ വിതച്ച നാശത്തെ കുറിച്ചും,ചുക്കിലി പിടിച്ച godown-ഉകളെ കുറിച്ചും ആണ് സംസാരിക്കുന്നത്.കുറെ നേരമായി സംസാരംതുടങ്ങിയിട്ട്....പതുപതുത്ത പ്രതലത്തിലാണ് ഞാന്‍ കിടക്കുന്നത്,നല്ല ഉറക്കമായിരുന്നു,സംസാരത്തിന്റെ അലോസരപ്പെടുത്തല്‍ ഉറക്കം നഷ്ട്ടപെടുത്തി.ഉണര്‍ന്നിട്ടും കണ്ണ് തുറക്കാതെ കിടപ്പാണ്,ഹൃദയത്തിന്റെ മിടിപ്പും ധമനികളുടെ താളവും എല്ലാം നല്ല പോലെ കേള്‍ക്കുന്നുണ്ട്‌,യാതൊന്നും എന്നെ ഭയപ്പെടുത്തുന്നില്ല,യാതൊരു വിധ ആശങ്കകലുമില്ല...എന്നാലും ഏകാന്തത അസഹനീയമാണ്....അതും അവസാനിക്കാന്‍ പോവുന്നു, എനിക്ക് പുറത്തു വന്നെ പറ്റൂ ...ഞാന്‍ കണ്ണ് തുറന്നു, ഗര്‍ഭപാത്രത്തിന്റെ സുരക്ഷിതത്വം വിട്ടു ഞാന്‍ ലോകത്തേക്ക് ഇറങ്ങാന്‍ പോവുന്നു..കണ്മുന്നില്‍ കാണുന്ന മാറാലകളെ ശക്തിയോടെ വകഞ്ഞ് മാറ്റി,ആവേശത്തോട്‌ കൂടി ഞാന്‍ ഇറങ്ങുകയാണ്... ചുക്കിലി പിടിച്ച ലോകത്തേക്ക്...

Monday, June 15, 2009

വഴിത്താര

മഴ പെയ്തൊഴിഞ്ഞിരിക്കുന്നു.നനഞ്ഞ മണ്ണില്‍ കാല്പാടുകള്‍ കാണാം.ചെറുതും വലുതുമായ അനേകംകാല്പാടുകള്‍.ഞാനും നടക്കുകയാണ്.തിരിഞ്ഞു നോക്കി,ഇനി ഒരിക്കലും തിരിച്ചു നടക്കാന്‍ കഴിയാത്ത വഴിത്താര. മഴ വരച്ച കോടുകളുണ്ട്,ചാലുകലുണ്ട്.കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ ഞാനെന്റെ പ്രതിബിമ്ബം കണ്ടു,ഒന്നല്ല അനവധി വേഷപ്പകര്‍ച്ചകള്‍.ആടിയതില്‍ അധികവും ഒരേ വേഷം,വീണ്ടും വീണ്ടും നോക്കി,സംശയമില്ല കാണുന്ന വേഷം അത് തന്നെ.രംഗബോധമില്ലാത്ത കോമാളി അല്ല ,രംഗം ഏതാന്നരിഞ്ഞിട്ടും ബോധ്യം വരാത്ത കോമാളി!കാലത്തിന്റെകയ്യിലെ കളിപ്പാവയല്ല ,ദൈവം പരീക്ഷക്ക്‌ വച്ചിട്ടുമല്ല ,സ്വയം വരച്ചിട്ട ചിത്രം ആണിത്.മായ്ക്കാന്‍ നോക്കി,മുഖത്തില്‍അല്ല ;പ്രതിബിംബത്തില്‍;വിഡ്ഢിത്തം!!!


ഒഴിഞ്ഞ വഴിയരികില്‍ ഇരിക്കുകയാണ്.മേഖം ഇരുണ്ടു തുടങ്ങി.വീണ്ടും മഴ.മഴത്തുള്ളികള്‍ കുത്തുന്ന പോലെ വീണുതുടങ്ങി.വേദനയല്ല,ഉന്മാദം കലര്ന്ന ഒരു തരം സുഖം.മഴ കൂടി വരുകയാണ്,എണീറ്റില്ല,മുഴുവന്‍ മഴയും നനയണം.ഞാനും പ്രകൃതിയുമായി ചേരണം........മഴ നിര്‍ത്താതെ പെയ്യുകയാണ്.ചായം മായുന്നതും ഞാന്‍ അറിയുന്നുണ്ട്... ഓരോ മഴയും പെയ്യണം ,ആര്‍ത്തലച്ചു പെയ്യണം..എന്നെ ഞാനാക്കാന്‍...

[നോട്ട്‌:ഇതൊരു കഥയോ ചെറുകഥയോ അല്ല. വെറുതെ എഴുതിയെന്നെ ഉള്ളു,നിരൂപകര്‍ ക്ഷെമിക്കുക,തെറ്റുണ്ടെങ്കില്‍ പറയുക :) ]