Saturday, June 4, 2011

മനുഷ്യന്‍ ജീവിക്കാന്‍ തുടങ്ങുന്നതെപ്പോള്‍

പൊഴിഞ്ഞു വീഴുന്ന ഓരോ നാളും ഓര്‍മ്മയുടെ ചെപ്പിലൊളിക്കുന്ന ഇതളാണ്.ഒരു നേര്‍ത്ത സുഗന്ധം അവയ്ക്കുണ്ടാവും.അതിനുള്ളില്‍ സന്തോഷത്തിന്റെ തരികള്‍ ഒളിഞ്ഞിരിപ്പുണ്ടാവുമത്രേ.

കാലങ്ങള്‍ കൊഴിയും, ഋതുക്കള്‍ മാറിവരും.എന്നും ജീവിതം നമുക്ക് മുന്നിലൊരു അധ്യാപകനാണ്.അതു അനുനിമിഷം ഓര്‍മ്മിപ്പിക്കും,പഠിക്കാനുണ്ടേറെയെന്നു.ചുറ്റും ഉണ്ട് ഒരുപാട് വേഷങ്ങള്‍,പകര്‍ച്ചകളും;കടുത്തതും നേര്‍ത്തതുമായൊരു  കൂട്ട്.പലപ്പോഴും കാണുവാന്‍ സന്നദ്ധത ഇല്ലെന്നു മാത്രം.

എന്തിനോ വേണ്ടി പരക്കം പായുന്ന മനുഷ്യന്‍.'എന്തിനു' എന്ന ചോദ്യത്തിനു ഒരു പൊരുള്‍ തരാന്‍ ഇല്ല താനും.ഒരു മനുഷ്യജീവിതത്തിനു ഏറ്റവും വിലപ്പെട്ടതെന്തു എന്ന ചോദ്യത്തിനു,'സഹജീവിയുമായുള്ള കറതീര്‍ന്ന ആത്മബന്ധം' എന്ന ഉത്തരത്തിലേക്കു എത്തി ചേരുമ്പോഴേക്കും ഒരുപാട് ഇതളുകള്‍ പൊഴിഞ്ഞിരിക്കും.മിക്കതും ഓര്‍ക്കാന്‍ പോലും ഇട നല്‍കാതെ സ്മൃതിയുടെ കയങ്ങളില്‍ അലിഞ്ഞു ചേര്‍ന്നിട്ടുമുണ്ടാവും.

എല്ലാം നേടിയ മനുഷ്യന്‍ ഉന്മാദവാനാവും.പിന്നീടൊരു നാള്‍,തികച്ചും ശാന്തമായൊരു നിമിഷം,ഓര്‍മ്മകളിലേക്ക് മടങ്ങുന്നു.അന്നു കാണുന്നവയില്‍ അവന്‍ ഇഷ്ട്ടപെടുന്നത് ആത്മാര്‍ഥമായി ജീവിച്ച ചില നിമിഷങ്ങളെ മാത്രമാണ്.മറ്റുള്ളവ അവനെ മടുപ്പിക്കും.ആത്മാര്‍ഥതയത്രെ ഏതൊരു പൊരുളിന്റെയും ജീവന്‍.ജീവസ്പര്‍ശമുള്ള ഇതളുകളത്രയും വാടാതിരിക്കുമത്രേ.

സ്മൃതിമണ്ഡപത്തിന്റെ  ഒഴിഞ്ഞൊരു കോണില്‍ ചിതയൊരുക്കി,ഉണങ്ങിയ ഇതളുകളത്രയും കൂട്ടിയിട്ടു,അനുഭവങ്ങളില്‍ നിന്നൊരു തരിയെടുത്തു പടര്‍ത്തുന്നു.ആളിക്കത്തുന്ന തിരിച്ചുവരവില്ലാത്ത ഓര്‍മ്മകളും,അതിനു മുന്നില്‍ ജിജ്ഞാസുവായ മനുഷ്യനും.

അവസാനം,ഓര്‍മ്മചെപ്പില്‍ ജീവനുള്ള ഒരുപിടി ഇതളുകള്‍ തുടിച്ചു നില്‍ക്കും.അവ ഒരുവനു ജീവിക്കാന്‍ പ്രേരണ നല്‍കും.അന്നു മുതലാണത്രെ ഒരു മനുഷ്യന്‍ ജീവിക്കാന്‍ തുടങ്ങുന്നത്.