Monday, July 4, 2011

വളരുന്തോറും നഷ്ടമാവുന്നത്

തിരക്കു പിടിച്ച  ജീവിതത്തിലെ ഒരു ഒഴിവു നേരം.

വിശാലമായ മുറി.ഇളം ചായക്കൂട്ടുകള്‍ ചുമരിലങ്ങുമിങ്ങും കോറിയിട്ടിരിക്കുന്നു.പുറത്തു മഴ പെയ്യുന്നുണ്ട്.ആര്‍ത്തലയ്ക്കുന്ന മഴയ്ക്കെപ്പോഴും നഷ്ടസ്മൃതികളുടെ നനവാണ്.'എന്താണെന്റെ നഷ്ടം?'.എനിക്ക് മാത്രമേ ഈ ചോദ്യത്തിനുള്ള ഉത്തരം പറയാന്‍ നിര്‍വ്വാഹമുള്ളു.കാരണം,എന്റെ നഷ്ടങ്ങള്‍ എന്റേതു മാത്രമാണ്.ചില്ലിട്ട മേശമേല്‍ കയ്യ് ‌വച്ച് കിടന്നു.മഴ അപ്പോഴും പെയ്യുന്നുണ്ട്.

മഴയുടെ അകമ്പടികള്‍ എന്നെ പുറകിലേക്ക് നടത്തി.
രണ്ടാം ക്ലാസ്സിലെ ബെഞ്ചിലിരിക്കുമ്പോഴും മഴയ്ക്ക്‌ ഇതേ സ്വരവും നനവും ഉണ്ടായിരുന്നു.അന്നവയ്ക്ക് പറയാന്‍ നഷ്ട്ടങ്ങളുടെ കണക്കുകളില്ല.
രണ്ടു ഭാഗത്തായി മുടി പിന്നിയിട്ടു,അതിലൊന്നു കൊണ്ടെന്നെ തല്ലി വിളിക്കുന്ന കൂട്ടുകാരിയുടെ ചിത്രം തെളിഞ്ഞു വരുന്നു.ബോര്‍ഡില്‍ വരച്ചിട്ട കിളിയെക്കാളും ഭംഗി,അടുത്ത് ജനലിലൂടെ കാണുന്ന കിളിക്കാണെന്നു ചൂണ്ടികാണിക്കുന്ന "അതിനാ ചന്തം,എന്താ അറിയ്യോ അതിന്റെ മേലെ നെറയെ കളറാ",എന്ന് പറഞ്ഞു ഒറ്റപ്പല്ല് പോയ വിടവ് കാണിച്ചു ആത്മവിശ്വാസത്തോടെ ചിരിക്കുന്ന ആ നിഷ്കളങ്കത ഇന്നും തെളിഞ്ഞു നില്‍ക്കുന്നു.

റിട്ടേണ്‍  ബെല്‍ മുഴങ്ങി.

വീണ്ടും തിരക്കു പിടിച്ച ഷെഡ്യുളുകളുടെ കോര്‍പറെറ്റ് ലോകത്തേയ്ക്ക്.മനുഷ്യന്‍ യന്ത്രത്തിന്റെ സൃഷ്ടിയാണോ എന്ന് പലപ്പോഴും തോന്നിപ്പോവുന്നു.എല്ലാവരും ഒരു തരം എക്സിക്യുട്ടിവ് മേന്നേര്‍സില്‍ വിശ്വസിക്കുന്നു.ആരോ എഴുതി വെച്ച body language,manners,social etiquettes നിയമങ്ങളുടെ ചട്ടക്കൂട്ടില്‍ ചലിക്കുന്ന പാവകളാവുന്നു ആളുകള്‍.യന്ത്രവത്കൃത വേലിക്കുള്ളില്‍ ജീവസ്പന്ദനം തിരയുന്ന ആള്‍ വിഡ്ഢിയാണെന്നുള്ളത് പരമാര്‍ത്ഥം.

മഴ ചില്ലുകള്‍ അടര്‍ന്നു വീഴുന്നത് കാണാം.അവ വീണ്ടും ബാല്യത്തിലേക്ക് ചിറകു നീര്‍ത്തുന്നു.ബാല്യ കാലത്തിനൊരു പ്രത്യേകത ഉണ്ട്.അഭിനയവും കാപട്യവും ഇഴചേര്‍ക്കാത്ത സത്യസന്ധമായൊരു ലോകം സ്വന്തമായുണ്ടതിനു.ഇഴപിരിചെടുക്കുമ്പോള്‍ നഷ്ടങ്ങള്‍ കൂടുതല്‍ വ്യക്തമാണ്.

"എടീ,...പോവാ?"

"ഞാന്‍ വരില്ല,എന്റെ ഷൂ നനയും" --- യാതൊരു വിധ ന്യായീകരണങ്ങള്‍ക്കും ഇട നല്‍കാതെ,കയ്യ്  പിടിച്ചു വലിച്ചു കൊണ്ട് മഴയിലെക്കോടുന്ന,യുണിഫോം മുഴുവന്‍ മഴ നനയിച്ച,ആ സ്വാതന്ത്രവും ആത്മാര്‍ഥതയും.ടീചര്‍ടെ കണ്ണ് വെട്ടിക്കാന്‍ പറ്റാതെ,പിടിക്കപ്പെട്ടു നില്‍ക്കുമ്പോഴും,കയ്യ് വിടാതെ മുറുകെ പിടിച്ചു നിന്നിരുന്ന,ആ ഇളം കയ്യിലെ മൃദുത്വവും ചൂടും ആണ് ബാല്യത്തോടൊപ്പം നഷ്ട്ടപെട്ടത്.

മഴ പെയ്തൊഴിഞ്ഞിരിക്കുന്നു,ഓര്‍മ്മകളും.
ഒരിക്കല്‍ കൂടെ ഒരുമിച്ചിരുന്നു ഓര്‍മ്മകളെ പങ്കുവയ്ക്കാന്‍ കൂട്ടുകാരിയെ   ക്ഷണിക്കണമെന്നുണ്ടായിരുന്നു. ഓര്‍മ്മകളെ പേറുന്നവന്‍ വിഡ്ഢിയാണെന്ന തിരിച്ചറിവ് ആഗ്രഹങ്ങള്‍ക്ക് വിലക്കിട്ടു.കേറി വരുന്ന ചിന്തകള്‍ ആരോ കോറിയിട്ട അക്ഷരങ്ങളിലേക്ക് പൊടിഞ്ഞിറങ്ങി.
 'i want a thousand words to speak ;
but i always ended up with my silence'
ഒരു പാതി പറഞ്ഞു തീര്‍ക്കുമ്പോഴും,മറു പാതി ഇന്നും ചോദിക്കുന്നു 'നഷ്ടപെട്ടതെന്താണ്?' എന്ന്.